Friday 7 November 2014

ദേശാടനക്കിളി കരയാറില്ലേ?

ദേശാടനക്കിളി കരയാറില്ലേ?
-----------------------------
ദേശാടനക്കിളി കരയാറില്ല;
നാടുചുറ്റി കണ്ണീര്‍ വറ്റിയതാവാം...
പന്ചവര്‍ണ്ണക്കിളി അകലേക്ക് പറക്കാറില്ല;
തന്റെ കൂടാണു മനോഹരമെന്നാവാം...
ഒരൊറ്റമരച്ചില്ലയില്‍ ഇരുവരും കണ്ടുമുട്ടി
ദേശാടനത്തിന്റെ കറുത്ത വഴിത്താരകളില്‍
കണ്ണീര്‍ നശിച്ചയിടങ്ങളിലൊരിടത്ത്...
വര്‍ഷം മാറി,ശിശിരം വന്നു,വെയിലായി
ഒരിക്കലും ദേശാടനക്കിളി പറന്നകന്നില്ല...
പന്ചവര്‍ണ്ണക്കിളിയേകിയ വര്ണ്ണങ്ങളിലാണു
ഇനിയുള്ള ജീവിതമെന്നാവാം ...
കണ്ണുചൂഴ്ന്നന്ധതയേകുന്ന കാഴ്ചകള്‍
മരവിച്ചുപോയൊരു മനസ്സിലെ
ദുരിതങ്ങള്‍ യാതനകള്‍
എല്ലാം മറന്ന്, പന്ചവര്‍ണ്ണങ്ങളുടെ
നനഞ്ഞ മാറിടത്തില്‍ കൊക്കുരുമ്മി മയങ്ങി...
ദേശാടനത്തിനിറങ്ങിയ മറ്റൊരുവനായി
ഒരിക്കലൊരു തൂവല്‍ കടം വാങ്ങി;
നാടോടിക്ക് തിരികെ നല്‍കാനാവില്ലല്ലോ...
നാളേറെക്കഴിഞ്ഞൊരിക്കല്‍ പന്ചവര്‍ണ്ണക്കിളി:
"ഇന്നെന്റെ തൂവല്‍ ,
നാളെ എന്നെത്തന്നെയുമോ?.."
ആരു പറഞ്ഞു,
പന്ചവര്‍ണ്ണക്കിളി അകലേക്ക് പറക്കില്ലെന്ന്?..
സ്വപ്നങ്ങളുടെ കൂട്ടില്‍ നിന്നുമവള്‍
പറന്നകന്നു അകലങ്ങളിലേക്ക്!..
ആരു പറഞ്ഞു,
ദേശാടനക്കിളി കരയാറില്ലെന്ന്?..
അവളുപോയ ആകാശവഴികളിലേക്ക് നോക്കി
അവനിപ്പഴും കരയുന്നുണ്ട്!..
------------------------------
...ജോഫിന്‍ മണിമല...

...അവന്‍ ...

...അവന്‍ ...
---------
അമ്മയുടെ ഗര്ഭപാത്രത്തിനു വിലപറഞ്ഞവന്‍ 
കരച്ചില്‍ ചിരിയായി, ചിരിച്ചപ്പോള്‍ പൊള്ളയെന്നും ..
ശാസിച്ചപ്പോള്‍ ചെകിട്ടത്തടിച്ച്, 
പ്രതീക്ഷകളെല്ലാം തച്ചുടച്ച്
നിറഞ്ഞൊഴുകിയ കണ്ണുകള്‍ കാണാതെ
സ്വാതന്ത്ര്യം തേടി പടിയിറങ്ങിയവന്‍ ...
അനുജനെ ശത്രുവെന്നു വിളിച്ചവന്‍
നിഷ്ക്കളങ്കമുഖം ക്രൂരമെന്നു പറഞ്ഞവന്‍
സ്നേഹത്തിനു നേര്‍ക്ക് കാര്‍ക്കിച്ചു തുപ്പിയവന്‍
കശുവണ്ടിപരിപ്പിനു കണക്കെഴുതിയവന്‍
സഹോദരിയുടെ മുടിക്കുത്തിനു പിടിച്ചവന്‍
മാനത്തിനു ഉറച്ച കാവലാകാതെ
പിഴച്ചവളെന്നു വിളിച്ചവന്‍
ചങ്ങാതിയെ ഒറ്റുകൊടുത്തവന്‍
നേട്ടങ്ങള്‍ക്കായൊപ്പം കൂട്ടിയവന്‍
ഒരുമിച്ചു പുകച്ച് ചതിയൂതിയവന്‍
ഒന്നിച്ചു കുടിച്ച് വിഷം ഛര്‍ദ്ദിച്ചവന്‍
പ്രണയിനിക്ക് ആശ്വാസമാകാത്തവൻ
പണവും പൊന്നും മൊഹിച്ചവന്‍
മനസ്സറിയാതെ ശരീരം കാമിച്ചവന്‍
സ്വര്‍ഗത്തില്‍ നിന്നും വിശുദ്ധപ്രേമത്തെ
നരകത്തിലേക്ക് ചവുട്ടിതാഴ്ത്തിയവന്‍
അവന്‍ ഇന്ന് കവിതയെഴുതുകയാണ്;
അമ്മയുടെ വാത്സല്യത്തേക്കുറിച്ച്,
സാഹോദര്യത്തിന്റെ സങ്കീര്‍ത്തനങ്ങളേക്കുറിച്ച്,
ചങ്ങാത്തത്തിന്റെ ശക്തിയേക്കുറിച്ച്,
പ്രണയത്തിന്റെ പവിത്രതയേക്കുറിച്ച്,
അവനു നഷ്ടമായ ജീവിതത്തെക്കുറിച്ച്...
------------------------------
...ജോഫിന്‍ മണിമല...

Sunday 2 November 2014

ലഹരി...

ലഹരി...
--------------
എന്റെ ചുണ്ടില്‍ ഏകാന്തതയില്‍
എരിയുന്ന സിഗറെറ്റുണ്ടായിരുന്നു
നിശബ്ദമായി എന്റെ ഓര്‍മ്മകള്‍ക്ക്
നിനവു പകര്‍ന്ന മദ്യക്കുപ്പിയും
എന്റെ രക്തദമനികള്‍ക്ക് ഉണര്‍വേകാന്‍ ,
എന്തിനെന്നറിയാതെ ചിന്തിക്കുന്ന
തലച്ചോറിനു ഉന്മാദത്തിന്റെ
താളബോധമേകുവാന്‍ എനിക്കു
ഒരു പുകയെടുക്കണമായിരുന്നു
ഒരു പെഗ്ഗ് അടിക്കണമായിരുന്നു
ചുറ്റിലും അനേകരെങ്കിലും ഞാന്‍
ഒറ്റപ്പെട്ടവന്‍ ലഹരി മാത്രം കൂട്ട്..
അവള്‍ വന്നു എപ്പോഴോ എവിടെനിന്നോ
അകന്നു മാറി ഞാനറിയാതെ
സിഗറെറ്റും മദ്യവും എന്നിലെ ലഹരിയും ....
എന്റെയുള്ളില്‍ ഒരു മനുഷ്യന്‍
സ്നേഹം കണ്ടു കരഞ്ഞെഴുന്നേറ്റു...
ഒടുവില്‍ ഒരു നാള്‍ എവിടേയ്ക്കെന്നറിയാതെ
യാത്ര പറയാതെ സ്നേഹം മറഞ്ഞപ്പോള്‍
ആദ്യമായി ഞാനറിഞ്ഞു
എന്നില്‍ എരിഞ്ഞിറങ്ങുന്ന
ഇന്നേവരെ അറിഞ്ഞിട്ടില്ലാത്ത
ഉന്മാദക്കൊമ്പിലെ തുഞ്ജോളമെത്തുന്ന
ഒരു പുതുപുത്തന്‍ ലഹരി...
----------------------------------------------------------
...ജോഫിന്‍ മണിമല...
 — 
Jophin Manimala
+91-8682871736

Wednesday 22 October 2014

... കോമാളി...

... കോമാളി...
--------------

എനിക്കു ചുറ്റും അനേകരെ കണ്ടു
ചിരിക്കുന്നവര്‍ ചിരിപ്പിക്കുന്നവര്‍
കളിക്കുന്നവര്‍ പാടുന്നവര്‍ അഭിനയം അറിയുന്നവര്‍
അഭിനയിപ്പിക്കാനറിയുന്നവര്‍
പറയിപെറ്റ പന്തിരുകുലത്തിലെ
ആ ഭ്രാന്തനെപ്പോലെ
പ്രതീക്ഷകളുടെ കല്ലു
ഞാന്‍ ഉരുട്ടി കയറ്റാന്‍ തുടങ്ങി
മേലേക്ക് മേലേക്ക്
താഴേക്ക് നോക്കിയപ്പോള്‍ ഞാന്‍ കരുതി
ഏവരും കോമാളികളെന്ന്...
                                                      ഇന്നു തത്വമസി വായിച്ചിട്ടു
                                                      കണ്ണാടി നോക്കിയപ്പോള്‍
                                                      ഞാന്‍ മനസ്സിലാക്കി
                                                      ആ കോമാളി ഞാനായിരുന്നുവെന്ന്...
                                                      ഏവര്‍ ക്കും ഊതിപ്പറപ്പിക്കാന്‍ കഴിയുന്ന
                                                      പ്രായമിനിയുമേറെയുള്ള
                                                      അപ്പൂപ്പന്‍ താടിപോലൊരു കോമാളി...
                                                      ---------------------------
                                                      ...ജോഫിന്‍ മണിമല...